
സൗദിയുടെ പൈതൃക ചരിത്ര കേന്ദ്രമായ ദിരിയയിൽ 91.7 കോടി റിയാൽ ചെലവിൽ ഗ്രാൻറ് മസ്ജിദ് നിർമിക്കുന്നു. ദിരിയ ഗേറ്റ് ഡെവലപ്‌മെന്റ് കമ്പനി ആണ് ‘ഗ്രാൻഡ് മോസ്‌ക് ഓഫ് ദിരിയ’ പദ്ധതി നടപ്പിലാക്കാൻ തയ്യാറെടുക്കുന്നത്. ഇത് പൈതൃക നഗരത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന ഒരു ചുവടുവെപ്പാണ്. ദിരിയ വികസനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഈ പദ്ധതി. സൗദി സാംസ്കാരിക ഭൂപ്രകൃതിയുടെ സവിശേഷതകൾ പുനർനിർമ്മിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നഗര, വാസ്തുവിദ്യാ പദ്ധതികളിൽ ഒന്നായിരിക്കും ഗ്രാൻറ് മസ്ജിദ് നിർമാണം.
ഏകദേശം 12,320 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രാർഥനാ മുറികൾ, ലൈബ്രറി, വുദുവിനുള്ള സ്ഥലം, വിശാലമായ ഔട്ട്ഡോർ മുറ്റങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ദിരിയയുടെ ചരിത്രപരമായ പരിസ്ഥിതിയുമായി പ്രവർത്തനപരമായും സൗന്ദര്യാത്മകമായും സംയോജിപ്പിക്കാൻ ഇതെല്ലാം പദ്ധതിൽ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
സമകാലിക വാസ്തുവിദ്യാ സ്പർശത്തോടെ ആധികാരിക നജ്ദി മാതൃക ഉൾക്കൊള്ളുന്ന തരത്തിലാണ് എക്സ്-ആർക്കിടെക്റ്റ്‌സ് ഗ്രാൻറ് മസ്ജിദ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൗദിയുടെ സാംസ്കാരികവും മതപരവുമായ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന ഇത് പദ്ധതിക്ക് പൈതൃകവും ആധുനികതയും ഇടകലർന്ന ഒരു ചൈതന്യം നൽകും. പൂർത്തിയാകുമ്പോൾ ഇത് ദിരിയയിലെ ഒരു പ്രധാന ലാൻഡ്‌മാർക്കായി മാറുകയും സൗദിക്കകത്തും പുറത്തുമുള്ള സന്ദർശകർക്ക് ആത്മീയവും സാംസ്കാരികവുമായ ലക്ഷ്യസ്ഥാനമായി മാറുകയും ചെയ്യും.