ublnews.com

തന്നെ ഉപദേശിക്കാൻ മന്ത്രി സജി ചെറിയാൻ വരേണ്ടെന്ന് മുൻ മന്ത്രി ജി.സുധാകരൻ

തന്നെ ഉപദേശിക്കാൻ മന്ത്രി സജി ചെറിയാൻ വരേണ്ടെന്ന് മുൻ മന്ത്രി ജി.സുധാകരൻ. ഉപദേശിക്കാനുള്ള അർഹതയോ, പ്രായമോ, ബോധമോ സജിക്കില്ല. അദ്ദേഹം സൂക്ഷിച്ച് സംസാരിക്കണം. ഏറ്റുമുട്ടാൻ സജി വരേണ്ട. അങ്ങനെ വന്ന ആരും ജയിച്ചിട്ടില്ലെന്നും ജി.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘‘പാർട്ടിയോട് ചേർന്നു പോകണമെന്നാണ് സജി പറഞ്ഞത്. ഞാൻ പാർട്ടിയോട് ചേർന്നല്ല പോകുന്നത്, അകത്താണ് പ്രവർത്തിക്കുന്നത്. സജി ചെറിയാന് പറയാൻ അറിയില്ല. ഉന്നത പദവിയിലെത്തിയിട്ടും സംഘടനാ ശൈലിയിൽ സംസാരിക്കാനും അറിയില്ല. ഇരിക്കുന്ന സ്ഥാനം അദ്ദേഹം മനസ്സിലാക്കുന്നില്ല. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയ ആളാണ് ഉപദേശിക്കുന്നത്. എന്നെ ഉപദേശിക്കാനുള്ള അർഹതയോ, പ്രായമോ, ബോധമോ ഉണ്ടെന്ന് ജനം കരുതുന്നില്ല. രണ്ടുപേരെക്കുറിച്ചും ജനങ്ങൾക്കിടയിൽ പഠനം നടത്തണം. ദുർഘട ഘട്ടങ്ങളിൽ ഞാൻ കൈപിടിച്ച് കൊണ്ടുവന്നയാളാണ്. പിണറായിയെ കാണാൻ സജിയെ സഹായിച്ചിട്ടുണ്ട്’’.

‘‘ഞാൻ ഇതുവരെ പാർട്ടിക്കെതിരെ പറഞ്ഞിട്ടില്ല. പാർട്ടിയിൽനിന്ന് പാർട്ടിക്കെതിരെ പറയുന്നവരെയാണ് എതിർക്കുന്നത്. ഞാനത് തുടരും. ആലപ്പുഴയിലെ പാർട്ടി തകരാതിരിക്കണം. ഞങ്ങളുടെ വീട്ടിലെ ചോര പാർട്ടിക്കായി വീണതാണ്. എന്നോട്ട് ഏറ്റുമുട്ടാൻ സജി വരേണ്ട. അത് നല്ലതല്ല. എനിക്കു വ്യക്തി വൈകല്യങ്ങളില്ല. എനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾക്ക് പിന്നിൽ ആളുണ്ട്. എന്നോട് പോരാടാൻ വരേണ്ട. പോരാടാൻ വന്ന ആരും ജയിച്ചിട്ടില്ല’’–ജി.സുധാകരൻ പറ‍ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top