
ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ബിജെപി – ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ തലശേരി അഡീഷനൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക് മൂന്ന് കോടതി ജഡ്ജ് റൂബി കെ.ജോസ് ആണ് വിധി പറഞ്ഞത്.
2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയിൽ നിന്നും കേസ് കഴിഞ്ഞു വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂമാഹി പെരിങ്ങാടിയിൽ വച്ച് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തി. വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് കേസ്. 16 പ്രതികളാണ് ഈ കേസിലുണ്ടായിരുന്നത്. രണ്ടു പ്രതികൾ മരിച്ചു. 14 പ്രതികളാണ് വിചാരണ നേരിട്ടത്. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പി. പ്രേമരാജനും പ്രതികൾക്കായി സി.കെ. ശ്രീധരനും വിശ്വനുമാണ് ഹാജരായത്.
കേസിലെ ഒന്നുമുതൽ ആറുവരെ പ്രതികളും 10 മുതൽ 14 വരെയുമുള്ള പ്രതികളുമാണ് കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായി പ്രോസിക്യൂഷൻ വാദിച്ചത്. ഇവരിൽ 10, 12 പ്രതികൾ മരണപ്പെട്ടു. 14 ദിവസമാണ് കോടതിയിൽ വിസ്താരം നടന്നത്. 4 സാക്ഷികളെയാണ് വിസ്തരിച്ചത്. വിചാരണ വേളയിൽ പ്രതികളെയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നു. ഈ കേസിന്റെ വിചാരണയ്ക്ക് പോകുന്നതിനിടെയാണ് കൊടി സുനിക്കും സംഘത്തിനും പരസ്യ മദ്യപാനത്തിനു പൊലീസ് അവസരമൊരുക്കി കൊടുത്തത്. ∙