ublnews.com

ഒടുവിൽ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തി

തിരുവോണ ബമ്പർ ‘ഭാഗ്യശാലിനിയെ’ തേടിയുള്ള മലയാളികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. തുറവൂർ സ്വദേശി ശരത് എസ് നായർ ആണ് ഭാഗ്യശാലി. ശരത് വാങ്ങിയ ടി.എച്ച് 577825 ടി​ക്കറ്റിനാണ് 25 കോടി അടിച്ചത്.

സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശരത്. ‘ആലോചിച്ച് ചെയ്യാം. ഒരു വീടുണ്ട്. വീട് വച്ചതിന് കുറച്ചുകടങ്ങളുണ്ട്. അത് വീട്ടണം. മുമ്പ് പല തവണ ചെറിയ തുകയുടെ ലോട്ടറിയെടുത്തിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ബമ്പർ എടുത്തത്. ലോട്ടറി ടിക്കറ്റിന്റെ ചിത്രം ഫോണിലെടുത്തുവച്ചിരുന്നു. ഫലം വന്നയുടൻ അത് നോക്കി. ആദ്യം വിശ്വസിക്കാനായില്ല. രണ്ടുമൂന്നുതവണ നോക്കി. ആർക്കും ഇത് കാണിച്ചുകൊടുത്തില്ല.ഭാര്യയെ വിളിച്ച് ടിക്കറ്റ് നോക്കാൻ പറഞ്ഞു. ശേഷം വീട്ടിൽ പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞ് ജോലി സ്ഥലത്തുനിന്നിറങ്ങി. വീട്ടിലെത്തി വീണ്ടും പരിശോധിച്ചു.

അച്ഛനും അമ്മയും സഹോദരനും ഭാര്യയും കുഞ്ഞുമാണ് വീട്ടിലുള്ളത്.’- ശരത് വ്യക്തമാക്കി. ലോട്ടറിയടിച്ചെന്ന് മനസിലായപ്പോൾ ടെൻഷൻ തോന്നിയെന്നും ശരത് പറയുന്നു.ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതുമുതൽ മാദ്ധ്യമങ്ങളും പ്രദേശവാസികളും ഭാഗ്യശാലിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു. നെട്ടൂരിലെ വീട്ടമ്മയ്‌ക്കാണ് സമ്മാനം ലഭിച്ചതെന്നും ഉച്ചയ്ക്ക് 12ന് അവർ മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തുമെന്നും ടി​ക്കറ്റ് വി​റ്റ നെട്ടൂരി​ലെ ഏജന്റ് ലതീഷ് ഇന്നലെ അറി​യി​ച്ചി​രുന്നു. തുടർന്ന് മാദ്ധ്യമ പ്രവർത്തകർ 12ന് മുമ്പേ ഏജൻസിയിൽ തമ്പടിച്ചെങ്കിലും നിരാശരായി മടങ്ങി. ഒടുവിൽ ഇന്നാണ് യഥാർത് ഭാഗ്യശാലി ആരാണെന്നറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top