
ചലച്ചിത്ര സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി. വിനുവിനെ മേയർ സ്ഥാനാർഥിയായി കോൺഗ്രസ് കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ സ്ഥിരീകരണമായത്. കല്ലായ് ഡിവിഷനിലാണ് വി.എം.വിനു മത്സരിക്കുക. വിനുവിന്റേത് ഉൾപ്പെടെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 15 പേരുടെ കൂടി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഡിസിസി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് കെ.പ്രവീൺകുമാറും എം.കെ.രാഘവൻ എംപിയും ചേർന്നു പുറത്തിറക്കി.
കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് പാറോപ്പടി ഡിവിഷനിൽ മത്സരിക്കും. വി.എം.വിനുവിനൊപ്പം കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി ചർച്ചകളിൽ ഉണ്ടായിരുന്ന ആളാണ് പി.എം.നിയാസ്. എരഞ്ഞിക്കൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട്, സിവിൽ സ്റ്റേഷൻ വാർഡിൽ പരിസ്ഥിതി പ്രവർത്തക പി.എം.ജീജാഭായ് എന്നിവരുടെ പേരുകളും രണ്ടാം ഘട്ട പട്ടികയിൽ ഉണ്ട്.