ublnews.com

ശബരിമല സ്വര്‍ണക്കവര്‍ച്ച ; നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം

ശബരിമല കട്ടിളപ്പടി സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രസിഡന്റുമാരും ഉള്‍പ്പെട്ട കേസില്‍ അഴിമതി നിരോധന വകുപ്പു കൂടി ചേര്‍ത്തു. പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്‌ഐടി ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് നടപടിയെന്നാണു സൂചന.

കേസ് റാന്നി കോടതിയില്‍നിന്ന് കൊല്ലം വിജിലന്‍സ് കോടതിയിലേക്കു മാറുകയും ചെയ്യും. അഴിമതി നിരോധന വകുപ്പു കൂടി ചുമത്തിയതോടെ കേസില്‍ ഇഡിക്കും അന്വേഷണം നടത്താന്‍ കഴിയും. ഇതിനിടെ ഇഡി പ്രാഥമിക വിവരശേഖരണം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കേസ് അന്വേഷണത്തിന് എസ്‌ഐടിക്ക് ഒന്നരമാസമാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. അത് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണു ശേഷിക്കുന്നത്. അതിനിടെ നിര്‍ണായകമായ അറസ്റ്റുകളിലേക്ക് എസ്‌ഐടി കടക്കും.

2019ല്‍ ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പദ്മകുമാറിലേക്കാണ് എസ്‌ഐടി നീങ്ങുന്നത്. പദ്മകുമാറിനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കിയിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ അസൗകര്യമുണ്ടെന്നാണ് പദ്മകുമാര്‍ അറിയിച്ചിരിക്കുന്നത്. കട്ടിളപ്പടിയില്‍നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ പദ്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ഭരണസമിതിയെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. കെ.ടി.ശങ്കര്‍ദാസ്, പാലവിള എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറാന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ നല്‍കിയ കത്തില്‍ ഉണ്ടായിരുന്ന ‘സ്വര്‍ണം പൂശിയ’ എന്ന പരാമര്‍ശം ഒഴിവാക്കി ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിന്റെ ഓഫിസില്‍നിന്നു നല്‍കിയ ശുപാര്‍ശ ദേവസ്വം ബോര്‍ഡ് അതേപടി അംഗീകരിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആയിരുന്നു തട്ടിപ്പ് എന്നാണ് എന്‍.വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ എ.പദ്മകുമാറും ശങ്കര്‍ദാസും വിജയകുമാറും അന്വേഷണപരിധിയിലേക്ക് എത്തിയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top