
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് പദ്ധതികൾക്ക് കൂട്ടത്തോടെ അനുമതി നൽകി സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടൻ നിലവിൽ വരുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ചീഫ്സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന 38-ാമത് അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തദ്ദേശ തലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായത്.
ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ അമൃത്-1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി വിലയിരുത്തി. നിരവധി പ്രധാന നഗര വികസന പദ്ധതികളിൽ പരിഷ്ക്കാരങ്ങൾ നടപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. അമൃത്-1.0 പദ്ധതികൾക്ക് 2025 ഡിസംബർ 31 വരെ മാത്രം കേന്ദ്ര അനുമതി ലഭിക്കുമെന്നും അതിനു ശേഷം മുഴുവൻ ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരുമെന്നും യോഗം വിലയിരുത്തി. അമൃത് 2.0 പദ്ധതികളിലെ നീണ്ടുനിൽക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.