ublnews.com

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി; ഡിസംബർ 9, 11 തീയതികളിൽ തിരഞ്ഞെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നു. ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 23612 വാർഡുകളും. രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ 3 ഘട്ടമായിരുന്നു.

തിരു,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കും. തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഡിസംബർ 11നാണ് തിരഞ്ഞെ‍ടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന്. നാമനിര്‍ദേശപത്രിക നവംബര്‍ 24 പിൻവലിക്കാം.

മട്ടന്നൂർ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂരിലെ ഭരണ കാലാവധി അവസാനിക്കുന്നത് 2027ലാണ്. മട്ടന്നൂരിനും തിരഞ്ഞെടുപ്പ് ചട്ടം ബാധകമാണ്. പുതിയ വാർഡുകൾക്ക് അനുസരിച്ച് പുതുക്കിയ വോട്ടർപട്ടിക തയാറാക്കിയിട്ടുണ്ട്. 2,84,30,761 വോട്ടർമാരുണ്ട്. 1,34,12,470 പേർ പുരുഷൻമാർ. 1,50,1810 പേർ സ്ത്രീകൾ. 281 ട്രാൻസ്ജൻഡർ വോട്ടർമാരുണ്ട്. 2,841 പ്രവാസി വോട്ടർമാർ. ആകെ പോളിങ് സ്‌റ്റേഷനുകള്‍ – 33,746. 70,000 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ആകെ രണ്ടരലക്ഷത്തോളം ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകും.

ഒരു ബാലറ്റ് യൂണിറ്റില്‍ പരമാവധി 15 സ്ഥാനാര്‍ഥികളുടെ പേരാണ് ഉള്‍പ്പെടുത്തുക. 15ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിക്കും.ആകെ 1249 റിട്ടേണിങ് ഓഫിസര്‍മാര്‍. 941 ഗ്രാമപഞ്ചായത്തുകളിലെ 17331 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top