ublnews.com

ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കുന്നതു അറിയിച്ചുവെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തന്നെ നിയമിക്കുന്നതു സംബന്ധിച്ച് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചുവെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍. തൃശൂരില്‍നിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് കെ.ജയകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂരില്‍ വച്ച് മന്ത്രിയെ കണ്ടിരുന്നുവെന്നും തിങ്കളാഴ്ച ഉത്തരവ് ഇറങ്ങുമെന്നാണു കരുതുന്നതെന്നും കെ.ജയകുമാര്‍ പറഞ്ഞു. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം വന്നിരിക്കുന്നത്. ഈശ്വരവിശ്വാസിയാണ്. അതുകൊണ്ടു തന്നെ ഇതൊരു നിയോഗമായാണ് കാണുന്നത്. എന്നെ പരിഗണിക്കുമെന്നു കരുതിയിരുന്നില്ല. മുഖ്യമന്ത്രിയുമായി ഇന്നു സംസാരിക്കുമെന്നും കെ.ജയകുമാര്‍ പറഞ്ഞു.

മണ്ഡല, മകരവിളക്ക് സീസണ്‍ 17ന് തുടങ്ങുകയാണ്. എത്രയും പെട്ടെന്ന് ഉത്തരവു കിട്ടിയാല്‍ ചാര്‍ജ് എടുക്കണമെന്നാണ് കരുതുന്നത്. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന. ഇപ്പോഴത്തെ ബോര്‍ഡ് മുന്നൊരുക്കങ്ങള്‍ ചെയ്തിട്ടുണ്ടായിരിക്കും. അതിന്റെ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കും. കുറ്റമറ്റ രീതിയില്‍, ഭക്തര്‍ക്കു സന്തോഷകരമായ ദര്‍ശനം ഒരുക്കാനുള്ള സാഹചര്യം ഉണ്ടാക്കും. കാത്തിരിപ്പു സയമം, വൃത്തി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സുഗമമായാല്‍ തന്നെ പ്രശ്‌നങ്ങള്‍ കുറയും. പദവി ഏറ്റെടുക്കുന്നതിന് ഒരു തരത്തിലുള്ള ആശങ്കയും ഇല്ല. എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല. അതു വയ്ക്കുന്നതു പോലെ ഇരിക്കും. ഇപ്പോള്‍ സംഭവിച്ചതു പോലെയുള്ള കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top