
ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ മറവിലുള്ള തട്ടിപ്പിനു പിന്നിൽ അമൂല്യ പൈതൃക വസ്തുക്കളുടെ കള്ളക്കടത്തു നടത്തുന്ന രാജ്യാന്തര സംഘമോയെന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചു. സ്വർണം പൂശിയ വാതിൽ സ്ഥാപിച്ചശേഷം സ്വർണം പൊതിഞ്ഞ പഴയ വാതിൽ കൊണ്ടുപോകാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് അധികൃതർ അനുവദിച്ചോയെന്നത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കണമെന്നു ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ശ്രീകോവിലിന്റെ 2519.760 ഗ്രാം (315 പവൻ) സ്വർണം പൊതിഞ്ഞ മുഖ്യവാതിലിനു പകരം 324.400 ഗ്രാം (40.5 പവൻ) സ്വർണം പൂശി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുവന്ന വാതിൽ സ്ഥാപിച്ചോയെന്നാണു കോടതിയുടെ സംശയം. ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ബുക്കിൽ കാലാകാലങ്ങളിൽ കൃത്യമായി വിവരങ്ങൾ ചേർക്കാത്തത് ക്രമക്കേടുകൾ ഒളിച്ചുവയ്ക്കാനായുള്ള മനഃപൂർവമായ ശ്രമമാകാമെന്നും കോടതി പറഞ്ഞു.
മുഖ്യവാതിലുകൾ, ദ്വാരപാലക ശിൽപങ്ങൾ, പീഠങ്ങൾ, മറ്റു പുരാവസ്തുക്കൾ എന്നിവയുടെ അളവെടുക്കാനും പകർപ്പു നിർമിക്കാനും ബോർഡ് അനുവദിച്ചത് ഞെട്ടിക്കുന്ന അനാസ്ഥയാണ്.