ublnews.com

വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സിപിഎം കൗണ്‍സിലര്‍ പിടിയില്‍

കണ്ണൂര്‍ കൂത്തുപറമ്പില്‍ വീട്ടിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. കൂത്തുപറമ്പ് നഗരസഭയിലെ നാലാംവാര്‍ഡ് കൗണ്‍സിലറും സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.പി. രാജേഷിനെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ ഒരുപവനിലധികം തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്ത് അജ്ഞാതന്‍ കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നഗരസഭ കൗണ്‍സിലറാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കണിയാര്‍ക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി.ജാനകി(77)യുടെ മാലയാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു കടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ജാനകി വീടിന്റെ പിന്‍വശത്ത് മീന്‍ മുറിക്കുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് വീടിനുള്ളില്‍ കയറി മുന്‍വശത്തുകൂടെ പുറത്തേക്ക് പോകുകയായിരുന്നു.

മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നെന്നും കണ്ണിന് കാഴ്ചക്കുറവുള്ളതിനാല്‍ ആളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു ജാനകിയുടെ മൊഴി. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി കടന്നുകളഞ്ഞിരുന്നു.

കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സ്‌കൂട്ടറില്‍ സഞ്ചരിച്ച പ്രതിയുടെ ദൃശ്യങ്ങള്‍ കിട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം കൗണ്‍സിലറായ രാജേഷാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പോലീസ് പിടിയിലായതിന് പിന്നാലെ രാജേഷിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top