ublnews.com

നെന്മാറ കൊലക്കേസിൽ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട് നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ ചെന്താമരക്ക് (53) ഇരട്ട ജീവപര്യന്തം. മൂന്നേകാല്‍ ലക്ഷംരൂപപിഴയും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. പാലക്കാട് നാലാം അഡീഷനൽ ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്.

സാക്ഷികൾ അടക്കമുള്ളവർക്ക് ഭീഷണിയുള്ള പ്രതിയാണ് ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്ക് പരോൾ നൽകാതെ മരണംവരെ തടവുശിക്ഷ വിധിച്ചത് പോലെ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും ക്രിമിനൽ പശ്ചാത്തലമോ മദ്യപാനിയോ അല്ലാത്ത ആളാണ് ചെന്താമരയെന്നുമാണ് പ്രതി ഭാഗം വാദിച്ചത്.

അതിക്രമിച്ചുകടക്കൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. കേസിൽ ആറു വർഷത്തിനു ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. സജിത വധക്കേസിൽ ശിക്ഷ വിധിക്കുന്നതോടെ ചെന്താമര തന്നെ പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതക കേസിന്‍റെ വിചാരണ നടപടികൾ ആരംഭിച്ചേക്കും.

സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. 2019 ആഗസ്റ്റ് 31നാണ് അയൽവാസിയായ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിലെ സജിതയെ (35) വീട്ടിൽ കയറി ചെന്താമര വെട്ടിക്കൊന്നത്. തുടർന്ന് രക്തം പുരണ്ട കൊടുവാൾ വീട്ടിൽവെച്ച് നെല്ലിയാമ്പതി മലയിൽ ചെന്താമര ഒളിവിൽ പോയി. വിശന്നതോടെ രണ്ടു ദിവസത്തിനു ശേഷം മലയിറങ്ങിവന്നതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലായത്.

ഭാര്യയും മകളും തന്നെ വിട്ടുപോകാൻ കാരണം സജിതയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. പ്രതിയുടെ ഷർട്ടിന്‍റെ കഷണം നിർണായക തെളിവായിരുന്നു. ഷർട്ട് ചെന്താമരയുടേതാണെന്ന് ഭാര്യ മൊഴി നൽകിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാളിൽ നിന്നും ചെന്താമരയുടെ മുണ്ടിൽ നിന്നും സജിതയുടെ രക്തം കണ്ടെത്തി. മൂന്നുമാസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീളുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top