ublnews.com

ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്കും വൻ തിരിച്ചടി

ബസിന്റെ മുൻവശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്കും വൻ തിരിച്ചടി. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ നടപടി. ശിക്ഷാ നടപടിയായിട്ടാണ് സ്ഥലംമാറ്റമെന്നാണ് വ്യക്തമാകുന്നതെന്നും അത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ജയ്മോനെ പൊൻകുന്നം ഡിപ്പോയിൽ തന്നെ തുടർന്നും ജോലി ചെയ്യാൻ അനുവദിക്കണമെന്നും നിർദേശിച്ചു.

അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. ഡ്രൈവറുടെ സ്ഥലം മാറ്റത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് കെഎസ്ആർടിസി സമ്മതിക്കുകയും ചെയ്തിരുന്നു. പൊൻകുന്നത്തു നിന്ന് തിരുവനന്തപുരം വരെ തുടർച്ചയായി ഡ്രൈവ് ചെയ്യേണ്ട സാഹചര്യത്തിലാണ് ശുദ്ധജലം വാഹനത്തിന്റെ മുൻപിൽ സൂക്ഷിച്ചതെന്നായിരുന്നു ജയ്മോന്റെ വാദം. വാഹനം തടഞ്ഞു നിർത്തി മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലം മാറ്റമുണ്ടായതെന്നും ഹർജിക്കാരൻ പറഞ്ഞു. എന്നാൽ ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന സർക്കുലർ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റത്തിൽ മന്ത്രിക്കു പങ്കില്ലെന്നുമാണ് കെഎസ്ആർടിസിയുടെ അഭിഭാഷകൻ വാദിച്ചത്. കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയി എന്ന പരാതിയിലും ജീവനക്കാരെ സ്ഥലം മാറ്റാറുണ്ടെന്നും കെഎസ്ആർടിസി വിശദീകരിച്ചിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top