
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ മതേതര വസ്ത്രങ്ങൾ അനുവദനീയമെന്നാണ് സ്കൂൾ അധികൃതര്‍ പറയുന്നത്, എന്‍റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. അതുപോലെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. വിഷയത്തില്‍ സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് ഇന്ന് രാവിലെ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി നന്ദി അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. `സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി. സ്‌കൂളിലെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി വന്നാൽ തുടരാം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്. കുട്ടി സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ’- സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.