
ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിവച്ച പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ടോൾ പിരിവ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീക്കുന്നതു സംബന്ധിച്ച് അന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും. നിലവിൽ പ്രശ്നമുള്ള ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിൽ സന്ദർശിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയോട് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവർ ഉത്തരവിട്ടു.
ദേശീയപാത അതോറിറ്റിക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് ഹാജരായത്. ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്നും ട്രാഫിക് മാനേജ്മെന്റ് കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും ഓൺലൈനിൽ ഹാജരായ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഓരോ ഹൈവേയുടെയും കാര്യത്തിലും പ്രത്യേകമായി നിർദേശം നൽകാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും നയപരമായ നിർദേശങ്ങൾ മാത്രമേ നൽകാനാവൂയെന്നും തുഷാർ മേത്ത അറിയിച്ചു