
കേരളത്തിന് മൂന്നാം വന്ദേഭാരത് സര്‍വീസ് അനുവദിച്ചുവെന്ന് സൂചന. എറണാകുളം – ബംഗളൂരു റൂട്ടിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ഇക്കാര്യം ഒരാഴ്ച മുമ്പ് സൂചിപ്പിച്ചിരുന്നുവെന്നും ഇത്രയും വേഗം നടപടി സ്വീകരിച്ചതിന് നന്ദിയെന്നും രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ബംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് വന്ദേഭാരത് സര്‍വീസ് എന്നത് മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഉത്സവ സീസണുകളില്‍ ഉള്‍പ്പെടെ നാട്ടിലെത്താന്‍ കഴിയാതെ വലയുന്ന സമയങ്ങളില്‍ കൊള്ള നിരക്കാണ് സ്വകാര്യ ബസുകാര്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്നത്. പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ ഈ കൊള്ളയ്ക്ക് ഒരു പരിധി വരെ അറുതിയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.നവംബര്‍ പകുതിയോടെ എറണാകുളം – ബംഗളൂരു സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.