
അങ്ങനെ കാത്തിരിപ്പിനൊടുവിൽ പ്രവാസി മിഷൻ യാഥാർത്ഥ്യമാകുകയാണ്. കുടുംബശ്രീ മാതൃകയിൽ പ്രവാസി ശാക്തീകരണം ലക്ഷ്യമിട്ടു സർക്കാർ പ്രഖ്യാപിച്ചതാണ് ‘പ്രവാസി മിഷൻ’ . ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതി ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു.
പ്രാദേശികാടിസ്ഥാനത്തിൽ പ്രവാസികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഉയർന്നതാണു നിർദേശം. വിദേശത്തു കുടിയേറിയവർ, മടങ്ങിയെത്തിയവർ, മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിപ്പാർക്കുന്നവർ എന്നിവർക്കും കുടുംബാംഗങ്ങൾക്കുമാണു പദ്ധതി.
മടങ്ങിയെത്തിയ പ്രവാസികളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക. ഇവർക്കു സംരംഭം തുടങ്ങാൻ സഹായം നൽകും. പല വകുപ്പുകളിലായുള്ള പ്രവാസി സ്കീമുകൾ ഏകീകരിച്ച് പ്രവാസി മിഷൻ വഴി ലഭ്യമാക്കും. സംരംഭങ്ങൾക്കു വ്യവസായ വകുപ്പിന്റെ ഇൻസെന്റീവും സബ്സിഡിയും മിഷൻ മുഖേന നൽകും. വീട് നിർമാണം ഉൾപ്പെടെ പുനരധിവാസ പദ്ധതികൾ മിഷന്റെ ഭാഗമായി നടപ്പാക്കും. സർക്കാർ സ്കീമുകൾക്ക് ഒപ്പം, പ്രവാസികളിൽ നിന്നും പണം കണ്ടെത്തും.
ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും നിയമിക്കുന്നതിനു ധനകാര്യ വകുപ്പിന്റെ അനുമതി തേടുകയാണ് അടുത്ത പടി. മിഷനിൽ അംഗമാകുന്ന പ്രവാസികളുടെ എണ്ണം പരിശോധിച്ച്, അടുത്ത ഘട്ടത്തിൽ തദ്ദേശ തലത്തിലേക്കു വ്യാപിപ്പിക്കും. നോർക്ക വകുപ്പിനാണു നേതൃത്വം. ലോക കേരളസഭ ശുപാർശയായ ‘പ്രവാസി ഇൻഷുറൻസ്’ സർക്കാർ നേരത്തെ നടപ്പാക്കിയിരുന്നു. മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിക്കു കീഴിലാകും മിഷൻ പ്രവർത്തിക്കുക. സംസ്ഥാന, ജില്ലാ ഓഫിസുകളുണ്ടാകും. സംസ്ഥാന ഓഫിസിൽ ചീഫ് എക്സിക്യുട്ടീവ് ഓഫിസറും സംരംഭകത്വം, തൊഴിൽ നൈപുണ്യം, സാമൂഹിക പ്രവർത്തനം എന്നിവ ഏകോപിപ്പിക്കാൻ 3 പേരുമുണ്ടാകും.