
പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തൽ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. കുഞ്ഞിക്കൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം റിപ്പോർട്ട് ചെയ്ത ശേഷം പുറത്താക്കൽ നടപടിയിൽ അന്തിമ തീരുമാനമുണ്ടാകും.
ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തുവെന്ന വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണൻ നടത്തിയത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ ഉയർന്ന വാർത്തകൾ ശരിവച്ചുകൊണ്ടാണ് കുഞ്ഞിക്കൃഷ്ണൻ രംഗത്തെത്തിയത്. കുടുംബത്തെ സഹായിക്കുന്നതിന് ഒരു കോടി രൂപയാണു പിരിച്ചതെന്നും അതിൽ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞിരുന്നു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചിരുന്നു. പാർട്ടിയിൽ പലതവണ പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി താൻ പറയാൻ തയ്യാറായതെന്നാണ് കുഞ്ഞികൃഷ്ണൻ പറഞ്ഞത്.