
തിരുവനന്തപുരം നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 23ന് എത്തുമെന്നു വിവരം. ഇതുസംബന്ധിച്ചുള്ള ഒരുക്കങ്ങൾ ബിജെപി തുടങ്ങി. കോർപറേഷൻ ഭരണം കിട്ടിയാൽ നഗരവികസന രേഖ പ്രഖ്യാപിക്കാൻ മോദി എത്തുമെന്നു തിരഞ്ഞെടുപ്പിനു മുൻപുതന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു.
റിപ്പബ്ലിക് ദിനത്തിന് പിന്നാലെ ജനുവരി 28ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദർശനം നീണ്ടുപോകും എന്നതിനാലാണ് 23ന് അദ്ദേഹത്തെ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയുടെ ‘മിഷൻ 2026’ പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചേക്കും. തിങ്കളാഴ്ച തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച അംഗങ്ങളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിരുന്നു.