
കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ലോക്ഭവനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, ദീപാദാസ് മുൻഷി എന്നിവർ ചേർന്ന് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. കൊട്ടാരക്കരയില്‍നിന്നു മൂന്നു തവണ എംഎല്‍എയായ ഐഷാ പോറ്റി 3 പതിറ്റാണ്ടു നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസില്‍ എത്തുന്നത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫില്‍നിന്ന് ഐഷാ പോറ്റി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ഐഷാ പോറ്റിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്നു കഴിഞ്ഞ വര്‍ഷം ഐഷാ പോറ്റിയെ ഒഴിവാക്കിയിരുന്നു. പ്രതിപക്ഷ നേതാവുമായി നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ചു ധാരണയായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ഐഷാ പോറ്റി മത്സരിക്കുമെന്നും സൂചനയുണ്ട്.
‘‘മുന്‍പ് പ്രവര്‍ത്തിച്ച പ്രസ്ഥാനം വലിയ വിഷമങ്ങളാണ് നൽകിയത്. അതേക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനമാണ് എന്നെ ഇത്രത്തോളം ആക്കിയത്. അധികാരമോഹിയല്ല. മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കുമൊപ്പം ഇനിയും കാണും. നേരത്തെ തീരുമാനിച്ചതല്ല. ദീർഘകാലമായി ഞാൻ അനുഭവിച്ച ചില പ്രശ്നങ്ങൾ ഉണ്ട്. അതു പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ എന്നും മനുഷ്യർക്കൊപ്പം പ്രവർത്തിച്ച് മനുഷ്യർക്കായി ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. നമ്മളെ ആവശ്യമില്ല എന്നു വന്നാൽ അപ്പോൾ സലാം പറയുക എന്നുള്ളതാണ്.