
തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2006–2011 കാലഘട്ടത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരിൽ ഏഴുപേരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയത്. എം.വി ജസ്റ്റിൻ, എ.ആർ. പീതാംബരൻ, പുഷ്പരാജൻ ടി.എം, പി.കെ. കുമാരൻ, കെ.കെ. കൃഷ്ണൻ, ഷൺമുഖൻ കെ.വി, കെ.എ.നകുലൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
ക്രൈംബ്രാഞ്ച് കേസിൽ മുൻകൂർ ജാമ്യം തേടി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവിടെനിന്നും ജാമ്യം ലഭിക്കാത്ത ഏഴുപേരാണ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ഇവർക്ക് ജാമ്യം നിഷേധിച്ചത്.