
ശബരിമലയിൽ നടന്നതു വലിയ ക്രമക്കേടാണെന്നും ദൈവത്തെ പോലും വെറുതെവിടില്ലേയെന്നും സുപ്രീം കോടതി. ശബരിമല സ്വർണക്കടത്തു കേസിൽ തനിക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ഹൈക്കോടതി ഉത്തരവിൽ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്നായിരുന്നു ശങ്കരദാസ് ഉന്നയിച്ച ആവശ്യം.
പ്രായത്തിന്റെ കാര്യത്തിൽ മാത്രമാണ് നിങ്ങളോട് അനുഭാവമുള്ളത്, മെറിറ്റും പരിഗണിക്കും. അതിനു ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കിയാണ് ബെഞ്ച് ഹർജി തള്ളിയത്. സ്വർണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ മാത്രം അറസ്റ്റ് ചെയ്യുകയും ശങ്കരദാസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാത്തതുമാണ് ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നത്.