
മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തു. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതിനെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.