
തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (69) ഓർമയായി. രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഉദയംപേരൂരിലെ വീട്ടിലെത്തിച്ച മൃതദേഹം, പിന്നീട് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. മമ്മൂട്ടിയും മോഹൻലാലും ദിലീപും അടങ്ങുന്ന ചലച്ചിത്ര താരങ്ങൾ ശ്രീനിവാസനെ അവസാനമായി കാണാൻ ടൗൺഹാളിൽ എത്തിയിരുന്നു. മൂന്നരയോടെ ടൗൺഹാളിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷം, ഭൗതികദേഹം വീണ്ടും വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ.
മരണ വിവരമറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ എത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, നടി സരയു, നിർമാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎൽഎ എന്നിവർ അടക്കമുള്ളവർ ആശുപത്രിയിലെത്തി. മരണവാർത്ത അറിഞ്ഞ് കൂടുതൽ സിനിമാ പ്രവർത്തകർ കൊച്ചിയിലേക്ക് എത്തുകയാണ്.
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനിവാസന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പുമെന്നും വി.ഡി.സതീശൻ പറഞ്ഞു