
രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദർശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അനുമതി നല്‍കാതിരുന്ന 19 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി സംസ്ഥാന ചലച്ചിത്ര അക്കാദമിക്കു നിര്‍ദേശം നല്കി. സിനിമകളുെട പ്രദർശനത്തിന് വാര്‍ത്താ വിതരണ മന്ത്രാലയം അനുമതി നല്‍കാതിരുന്നത് രാഷ്ട്രീയ വിവാദമായിരുന്നു.
കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിനു നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മന്ത്രി വിമര്‍ശിച്ചു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തെയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ല. കലാവിഷ്കാരങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചതുമാണ്. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സിനിമകള്‍ കാണാനുള്ള, മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിനിമ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഇടതുമുന്നണി പ്രമേയം പാസാക്കിയിരുന്നു. പലസ്തീന് പ്രമേയമാക്കിയ നാലു സിനിമകള്‍ ഉള്‍പ്പെടെ 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും തടയിടുകയാണെന്നും ഈ നിലപാടില്‍നിന്നു കേന്ദ്രം പിന്മാറണമെന്നും എല്‍ഡിഎഫ് പ്രമേയത്തില്‍ പറയുന്നു.