
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ നാല്. നഗരസഭകളിൽ 54. ബ്ലോക്ക് പഞ്ചായത്തുകളിൽ 78. ഗ്രാമപഞ്ചായത്തുകളിൽ 504. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ യുഡിഎഫ് കാറ്റിൽ ഇടതു മുന്നണി നിലംപരിശായി. തിരുവനന്തപുരം സ്വന്തമാക്കി ചരിത്രത്തിലാദ്യമായി കേരളത്തിൽ എൻഡിഎ ഒരു കോർപ്പറേഷൻ പിടിച്ചെടുത്തു. രണ്ട് നഗരസഭകളും 26 പഞ്ചായത്തും നേടി എൻഡിഎ ശക്തി തെളിയിക്കുകയും ചെയ്തു.
കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളിൽ ഇരട്ടിയോളവും ബ്ലോക്ക് പഞ്ചായത്തുകളിൽ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളിൽ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ തേരോട്ടമാണ് നടത്തിയത്. ഒരിക്കൽപ്പോലും വിജയിച്ചിട്ടില്ലാത്ത നഗരസഭകളിലും പഞ്ചായത്തുകളിലും ഇക്കുറി യുഡിഎഫിന്റെ കൈകളിലെത്തി.
കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020-ൽ കണ്ണൂർ മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു. കൊല്ലം കോർപ്പറേഷനിൽ വൻ അട്ടമിറിയാണ് യുഡിഎഫ് നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകൾ കൂട്ടാനും യുഡിഫിനു സാധിച്ചു.
മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫിന്റെ തിളക്കമാർന്ന മുന്നേറ്റം. 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണമാണ് യുഡിഎഫ് സ്വന്തമാക്കിയത്. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 143-ൽ 78 എണ്ണമാണ് യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. 67 എണ്ണം ഇടതു മുന്നണി നേടി.
ഗ്രാമപഞ്ചായത്തുകളിൽ 504 എണ്ണത്തിൽ യുഡിഎഫിനാണ് ഭൂരിപക്ഷം. ഇടതു മുന്നണി 342 നേടിയപ്പോൾ എൻഡിഎയ്ക്ക് സ്വന്തമായത് 26. ആറെണ്ണം മറ്റുള്ളവരും സ്വന്തമാക്കി.
തിരുവനന്തപുരം
തിരുവനന്തപുരം കോർപ്പറേഷൻ നഷ്ടമായത് സിപിഎമ്മിന് വൻ തിരിച്ചടിയായി. ജില്ലയിൽ യുഡിഎഫും എൻഡിഎയും അപ്രതീക്ഷിതമായ മുന്നേറ്റമാണ് നടത്തിയത്. അതേസമയം, ജില്ലയിലെ നാല് നഗരസഭകളും എൽഡിഎഫ്് നേടി. നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല എന്നിവ. ജില്ലാ പഞ്ചായത്തിൽ 15 സീറ്റ് നേടി എൽഡിഎഫ് മുന്നിലെത്തിയപ്പോൾ യുഡിഎഫ് നേടിയത് 13 സീറ്റ്.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 11): എൽഡിഎഫ് 6, യുഡിഎഫ് 5.
പഞ്ചായത്ത്(ആകെ 73): എൽഡിഎഫ് 25, യുഡിഎഫ് 6, തൂക്കുസഭ 6.
കൊല്ലം
കൊല്ലം കോർപ്പറേഷനിൽ ചരിത്രം സൃഷ്ടിച്ചാണ് യുഡിഎഫ് വലിയ കക്ഷിയെന്ന സ്ഥാനം സ്വന്തമാക്കിയത്. ആകെയുള്ള 56 സീറ്റിൽ 27 സീറ്റ് യുഡിഎഫ് നേടി. എൽഡിഫിന് 16. എൻഡിഎയ്ക്ക് 12. ഒരു സ്വതന്ത്രനും ജയിച്ചു. കൊല്ലത്തെ നാല് നഗരസഭകളിൽ മൂന്നിടത്തും എൽഡിഎഫിനാണ് വിജയം. പരവൂരും പുനലൂരും കൊട്ടാരക്കരയും എൽഡിഎഫ് സ്വന്തമാക്കിയപ്പോൾ കരുനാഗപ്പള്ളി യുഡിഎഫ് നേടി. കൊല്ലം ജില്ലാ പഞ്ചായത്തിൽ 17 സീറ്റ് എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിനു സ്വന്തമാക്കാനായത് പത്തെണ്ണം മാത്രം.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 11): എൽഡിഎഫ് 7, യുഡിഫ് 3, എൻഡിഎ 1.
പഞ്ചായത്ത്(ആകെ 68): എൽഡിഎഫ് 33, യുഡിഎഫ് 32, എൻഡിഎ 1.
പത്തനംതിട്ട
പത്തനംതിട്ടയിലെ നാല് നഗരസഭകളിൽ മൂന്നെണ്ണവും യുഡിഎഫിനാണ്. അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവ. പന്തളത്ത് എൽഡിഎഫ് ജയിച്ചു. ജില്ലാ പഞ്ചായത്തിൽ 12 സീറ്റ് യുഡിഎഫിനും 5 സീറ്റ് എൽഡിഎഫിനും.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 8): എൽഡിഎഫ് 0, യുഡിഫ് 7, തൂക്കുസഭ 1.
പഞ്ചായത്ത്(ആകെ 53): എൽഡിഎഫ് 11, യുഡിഎഫ് 34, എൻഡിഎ 4.