
ഇന്ത്യയിലും യുഎഇയിലുമായി വ്യാപിച്ചുകിടക്കുന്ന കോടികളുടെ ഹീര ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കല്യാണ്‍ ബാനര്‍ജി എന്നയാളെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റായി ആള്‍മാറാട്ടം നടത്തി ഇഡി ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിനാണ് ഹൈദരാബാദില്‍ വെച്ച് ഇയാളെ പിടികൂടിയത്.
ഹീര ഗ്രൂപ്പ് സ്ഥാപക നൗഹേര ഷെയ്ഖിന്റെ നിര്‍ദ്ദേശപ്രകാരമാണ് കല്യാണ്‍ ബാനര്‍ജി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇഡി വെളിപ്പെടുത്തി. തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കുന്നതിനായി കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള നീക്കം ഇയാള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉന്നത രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ബാനര്‍ജി, ലേല നടപടികള്‍ വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.
പ്രതിയുടെ സെക്കന്തരാബാദിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ നൗഹേര ഷെയ്ഖുമായുള്ള ആശയവിനിമയങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അന്വേഷണത്തെയും ജുഡീഷ്യല്‍ നടപടികളെയും അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനകള്‍ ഈ ചാറ്റുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. താന്‍ ആള്‍മാറാട്ടം നടത്തിയതാണെന്നും നൗഹേര ഷെയ്ഖിന്റെ സഹായിയായാണ് പ്രവര്‍ത്തിച്ചതെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ജനുവരി 23 വരെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.