ublnews.com

വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് ഇൻഡിഗോ 10,000 രൂപയുടെ ട്രാവൽ വൗച്ചർ

വ്യോമപ്രതിസന്ധി രൂക്ഷമായ ഡിസംബർ 3, 4, 5 തീയതികളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്ക് ഇൻഡിഗോ 10,000 രൂപയുടെ ട്രാവൽ വൗച്ചർ നൽകും. അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഈ വൗച്ചർ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇൻഡിഗോ വൗച്ചർ നൽകുന്നതെന്ന് കമ്പനി അറിയിച്ചു.

വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുൻപുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവർക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈർഘ്യം അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും. വ്യാഴാഴ്ച 1,950 സർവീസുകൾ നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യാത്രയ്ക്കു തൊട്ടുമുൻപുള്ള 24 മണിക്കൂറിനുള്ളിൽ ഫ്ലൈറ്റ് റദ്ദാകുന്ന അവസ്ഥ കാര്യമായി കുറ​ഞ്ഞെന്നും കമ്പനി ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച വൈകിട്ട് ഇൻഡിഗോ സിഇഒ ഡിജിസിഎയ്ക്കു മുന്നിൽ ഹാജരാകുമെന്നാണ് വിവരം.

വ്യോമപ്രതിസന്ധിക്കു പിന്നാലെ ഇൻഡിഗോയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) പിടിമുറുക്കിയിരുന്നു. മേൽനോട്ടത്തിനായി ഇൻഡിഗോയുടെ ഗുരുഗ്രാമിലെ കോർപറേറ്റ് ഓഫിസിൽ 4 ഉന്നത ഉദ്യോഗസ്ഥരെ ഡിജിസിഎ നിയോഗിച്ചു. മേൽനോട്ടത്തിനായി എട്ടംഗ മേൽനോട്ട സമിതിയെയാണ് ഡിജിസിഎ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 2 പേർ ഇൻഡിഗോ ഓഫിസിൽ നിന്നായിരിക്കും പ്രവർത്തിക്കുക. ഇതിനു പുറമേ, എട്ടംഗ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇൻഡിഗോ ഓഫിസിൽ നിയോഗിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top