
സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമായി വന്ദേമാതരത്തെ മാറ്റിയത് കോൺഗ്രസാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പറഞ്ഞു. സമ്മേളനങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന പാരമ്പര്യം ആരംഭിച്ചത് കോൺഗ്രസാണ്. നിങ്ങളാണോ അത് ചെയ്തതെന്നും ഭരണകക്ഷി ബെഞ്ചിനെ നോക്കി ഖർഗെ ചോദിച്ചു.
‘‘ജവഹർലാൽ നെഹ്‌റുവിനെ അപമാനിക്കാൻ ലഭിക്കുന്ന ഒരു അവസരവും പ്രധാനമന്ത്രി നഷ്ടപ്പെടുത്തുന്നില്ല. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വന്ദേമാതരത്തിന്റെ പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തതായി പ്രധാനമന്ത്രി ആരോപിച്ചു. 1937ൽ കോൺഗ്രസ് പ്രവർത്തക സമിതി ഒരു പ്രമേയം ഏകകണ്ഠമായി പാസാക്കി. ദേശീയ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കാവൂ എന്ന് ശുപാർശ ചെയ്യുന്ന പ്രമേയം ആയിരുന്നു അത്. നെഹ്‌റു, മഹാത്മാഗാന്ധി, മൗലാന അബ്ദുൽ കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ തുടങ്ങി കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളാണ് രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കാവൂ എന്ന് ശുപാർശ ചെയ്യുന്ന പ്രമേയം പാസാക്കിയത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നെഹ്‌റുജി ഒറ്റയ്ക്കായിരുന്നോ ? നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നത് ? നിങ്ങൾ നെഹ്‌റുവിന്റെ പ്രതിച്ഛായയെ ലക്ഷ്യം വയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് അസാധ്യമാണ്. ബംഗാൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സർക്കാർ വന്ദേമാതരം ചർച്ച സംഘടിപ്പിക്കുന്നത്’’ – ഖർഗെ പറഞ്ഞു