ublnews.com

ഭോപാലിൽ വനപ്രദേശത്ത് യുവതിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു

ഭോപാൽ∙ സാഗർ ജില്ലയിലെ വനപ്രദേശത്ത് യുവതിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. യുവതിയുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷമാണ് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്. ജനുവരി 20നായിരുന്നു സംഭവം. സുഹൃത്തിനൊപ്പം വനപ്രദേശം സന്ദർശിക്കവെയാണ് യുവതി ആക്രമിക്കപ്പെട്ടത്. റാനു എന്ന ജയഗോപാൽ ഗൗർ (27), സുന്ദർ ഭഗവാൻ ദാസ് (26) എന്നിവരാണ് പ്രതികൾ.

വനത്തിൽ വച്ച് യുവതിയെയും സുഹൃത്തിനെയും കണ്ട പ്രതികൾ ഇവരെ തടയുകയായിരുന്നു. സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം യുവതിയെ ഉൾക്കാട്ടിലേക്കു കൊണ്ടുപോയി ഇരുവരും മാറിമാറി പീഡിപ്പിച്ചു. യുവതിയെ പീഡിപ്പിച്ച ശേഷം ഇരുവരും കടന്നുകളഞ്ഞു. റോഡിലെത്തിയ യുവതി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

വനത്തിനു സമീപത്തെ താമസക്കാരാണ് പ്രതികൾ. സംഭവദിവസം രാത്രി തന്നെ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ പിടികൂടാൻ വൈകിയെന്ന് ആരോപണമുണ്ട്. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top