ublnews.com

ഇൻഡോർ കുടിവെള്ള ദുരന്തത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു

പ്രദേശത്തെ പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് ഇൻഡോർ മുനിസിപ്പൽ കോർപറേഷന് (ഐഎംസി) പരാതി നൽകിയിരുന്നതായി അവകാശപ്പെട്ട് ബിജെപി കോർപറേഷൻ കൗൺസിലർ. പരാതി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇൻഡോറിലെ കുടിവെള്ള ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ഡിവിഷൻ 11ൽ നിന്നുള്ള കൗൺസിലർ കമൽ വഗേല പറഞ്ഞു. അതേസമയം, കുടിവെള്ള ദുരന്തത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. 32 പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.

ആകെ 294 പേരെയാണ് രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അതിൽ 93 പേരെ ഡിസ്ചാർജ് ചെയ്തു. 201 പേർ ഇപ്പോഴും ചികിത്സയിലാണ്. ഭഗീരത്പുരയിൽ ജനങ്ങളോട് ടാപ്പ് വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ടാങ്കർ വെള്ളം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അറിയിപ്പുകൾ നൽകിയിട്ടുണ്ട്. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കാനും പ്രദേശവാസികളോട് സർക്കാർ ആവശ്യപ്പെട്ടു.

2022 ജൂലൈയിൽ നടന്ന ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി ഒരു വർഷത്തിനുശേഷമാണ് ബിജെപി നേതാവ് കൂടിയായ കമൽ വഗേല തന്റെ ഡിവിഷനിലെ വിഷയം ഉന്നയിച്ച് പരാതി നൽകിയത്. ഭഗീരത്പുരയിലെ പഴയതും കാലപ്പഴക്കം ചെന്നതുമായ കുടിവെള്ള പൈപ്പ്‌ലൈനുകൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐഎംസിക്ക് കത്തെഴുതിയത്. എന്നാൽ പരാതിയിൽ ഒരു നടപടിയും ഐഎംസി എടുത്തിരുന്നില്ല. രണ്ട് വർഷത്തിന് ശേഷം മലിനജലം കുടിവെള്ളത്തിൽ കലർന്നതിനെ തുടർന്ന് വയറിളക്കം പടർന്നുപിടിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top