
സുപ്രീം കോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുള്ള അഭിഭാഷകൻ രാകേഷ് കിഷോറിനെ വിട്ടയച്ചു. മൂന്നു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. രാകേഷ് കിഷോറിനെതിരെ കുറ്റം ചുമത്താന്‍ സുപ്രീം കോടതി റജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് പോകാന്‍ അനുവദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് വിട്ടയച്ചത് എന്നാണ് വിവരം. അതേ സമയം, രാകേഷ് കിഷോറിനെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സസ്പെൻഡ് ചെയ്തു.
രാകേഷ് കിഷോറിന് ചെരിപ്പുകളും രേഖകളും കൈമാറാനും റജിസ്ട്രാര്‍ ജനറല്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡല്‍ഹി പൊലീസിന്റെ സുരക്ഷാ വിഭാഗവും ന്യൂഡല്‍ഹി ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാകേഷ് കിഷോറിന്റെ കൈയില്‍നിന്ന് ഒരു വെള്ളക്കടലാസിലെഴുതിയ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.