
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ എംഎൻആർഇജിഎയ്ക്ക് പകരമുള്ള കേന്ദ്രത്തിന്റെ പുതിയ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്. പുതിയ ബിൽ നിയമത്തെ ദുർബലപ്പെടുത്തുമെന്നും പിൻവലിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ആരുടെയെങ്കിലും വ്യക്തിഗതമായ ‘താൽപര്യം, അഭിലാഷം, മുൻവിധി’ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു നിയമവും പാസാക്കരുതെന്നും പ്രിയങ്ക പറഞ്ഞു. പേരുമാറ്റത്തിനെതിരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് നാമകരണം നൽകിയിട്ടുള്ള മഹാത്മഗാന്ധിയുടെ ചിത്രങ്ങളുമായി കോൺഗ്രസ് പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു.
വികസിത് ഭാരത് റോസ്ഗാർ ഔർ അജീവിക മിഷൻ (ഗ്രാമീൺ) ബിൽ, 2025 അവതരിപ്പിക്കാൻ ലോക്സഭയിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ ചൊവ്വാഴ്ച അനുമതി തേടിയിരുന്നു. ഇത് ജി റാം ജി ബിൽ എന്നും അറിയപ്പെടുന്നു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായായൊരു നിയമത്തിനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. 2005-ൽ അന്നത്തെ യുപിഎ സർക്കാരാണ് എംഎൻആർഇജിഎ കൊണ്ടുവന്നത്. ഇത് ഗ്രാമീണ മേഖലകളിലെ ഓരോ വ്യക്തിക്കും ഒരു വർഷം 100 ദിവസത്തെ വേതനത്തോടെയുള്ള തൊഴിൽ ഉറപ്പുനൽകുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഈ പദ്ധതി ഒരു ഗെയിം ചേഞ്ചറായാണ് കണക്കാക്കപ്പെടുന്നത്.
ലോക്സഭാ നടപടിക്രമങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെയും ചട്ടം 72 (1) പ്രകാരം പ്രിയങ്ക ഗാന്ധി ബില്ലിനെ എതിർത്തു. “എന്റെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നു, എംഎൻആർഇജിഎ 20 വർഷമായി ഗ്രാമീണ ഇന്ത്യയ്ക്ക് ഉപജീവനം നൽകുന്നതിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും വിജയിച്ചിട്ടുണ്ട്. ഇത് വിപ്ലവകരമായ ഒരു നിയമമാണ്, അത് കൊണ്ടുവന്നപ്പോൾ പാർലമെന്റിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അതിനെ പിന്തുണച്ചു. ഇത് രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകൾക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിൽ നൽകുന്നു,” അവർ പറഞ്ഞു.
എംഎൻആർഇജിഎ ആവശ്യാനുസരണം തൊഴിൽ ലഭ്യമാക്കുന്നുവെന്നും പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ ഫണ്ടിങ് ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. എന്നിരുന്നാലും, പുതിയ ബിൽ കേന്ദ്രത്തിന് മുൻകൂട്ടി ഫണ്ട് വിഹിതം നിശ്ചയിക്കാൻ അനുമതി നൽകുന്നു. എംഎൻആർഇജിഎ ഗ്രാമസഭകൾക്ക് നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ ആവശ്യകത വിലയിരുത്താൻ അധികാരം നൽകിയിരുന്നുവെങ്കിലും, പുതിയ ബിൽ ഗ്രാമസഭകളുടെ പങ്ക് ദുർബലപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു.