
2029-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യം ഒരുമിച്ച് തന്നെ മത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപിയും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഒരുമിച്ച് മത്സരിക്കുമെന്നു ഫഡ്നാവിസ് വ്യക്തമാക്കിയത്.
2029-ലെ തിരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് മത്സരിച്ചേക്കുമെന്ന സൂചന നൽകിയ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ബിജെപിയെ ഞങ്ങൾക്ക് ‘ആത്മനിർഭർ’ (സ്വയം പര്യാപ്തം) ആക്കണം, എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് തന്നെ മത്സരിക്കും’’ – ഫഡ്നാവിസ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് മുന്നോടിയായി, നേതാക്കളെ അടർത്തിയെടുക്കുന്നെന്ന് ഇരുപക്ഷവും പരസ്പരം ആരോപിച്ചത് അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തെക്കുറിച്ച് ഷിൻഡെ അമിത് ഷായോട് പരാതിപ്പെട്ടെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമെന്നാണ് ഫഡ്നാവിസ് വിശേഷിപ്പിച്ചത്.