
പ്രസാർ ഭാരതിയുടെ ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചു. കാലാവധി അവസാനിക്കാൻ ഒന്നരവർഷം ബാക്കി നിൽക്കെയാണ് കാരണം പറയാതെയുള്ള നവനീത് കുമാറിന്റെ രാജി. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അധ്യക്ഷനായ സമിതി ആയിരുന്നു നവനീത് കുമാറിനെ പ്രസാർഭാരതി ചെയർമാനായി നിയമിച്ചത്.
ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ നവനീത് കുമാർ 2024 മാർച്ച് 16 നാണ് പ്രസാർഭാരതി ചെയർമാനായി നിയമിതനായത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. രാജി തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് മന്ത്രാലയവും പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.