
വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിലുണ്ടായ സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യയുടെ ഒട്ടേറെ വിമാന സർവീസുകൾ വൈകി. ‘തേർഡ്-പാർട്ടി സിസ്റ്റം ഡിസ്‌റപ്ഷൻ’ ആണ് പല വിമാനത്താവളങ്ങളിലെയും ചെക്ക്-ഇൻ സംവിധാനങ്ങളെ ബാധിച്ചതെന്നും ഇത് മറ്റ് വിമാനക്കമ്പനികളുടെ സർവീസുകളെയും ബാധിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. തകരാറിന്റെ യഥാർഥ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
സാഹചര്യം പൂർണമായും സാധാരണ നിലയിലാകുന്നതുവരെ’ ചില വിമാനങ്ങൾക്ക് കാലതാമസം തുടരാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിൽ, തകരാറിലായ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വിമാനത്താവളങ്ങളിലെ ജീവനക്കാർ യാത്രക്കാരുടെ ചെക്ക്-ഇൻ സുഗമമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ ഉറപ്പുനൽകി. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും ഈ തടസ്സങ്ങൾ കാരണം വിമാനത്താവളത്തിൽ ചെക്ക്-ഇൻ ചെയ്യുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് നിർദ്ദേശം നൽകി.