
കവർച്ച കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കീഴ്‍പ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശികളായ ആസിഫ് (48), ഇർഫാൻ (45), ആരിഫ് ഗ്വാജിവാല (60) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൗണ്ടംപാളയം ഹൗസിങ് യൂണിറ്റിലുള്ള 13 വീടുകളിൽ നിന്നായി 56 പവൻ ആഭരണങ്ങളും, 3 കിലോ വെള്ളി സാധനങ്ങളും 3 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണിവർ.
കുനിയമുത്തൂർ ബികെ പുതൂരിൽ നിന്നും കുളത്തുപ്പാളയം പോകുന്ന വഴിയിലെ തിരുനഗർ കോളനിയിൽ വച്ചാണ് ശനിയാഴ്ച രാവിലെ പ്രതികളെ പൊലീസ് വെടിവച്ചിട്ടത്. മൂവരെയും കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പകൽ 10നും 3നും ഇടയിലാണ് ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ വീടുകളുടെ വാതിൽ പൊളിച്ചു അകത്ത് കടന്ന് മോഷണം നടത്തിയത്. സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന ആയിരത്തോളം വീടുകളുള്ള ഹൗസിങ് യൂണിറ്റിലായിരുന്നു സംഭവം.