
മുഖ്യമന്ത്രി പദത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ തുടരുന്ന പരസ്യ പ്രസ്താവനകൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അനുനയിപ്പിക്കാന്‍ കോൺഗ്രസ് നേതൃത്വം ചർച്ചകൾ തുടങ്ങി. നേതൃത്വത്തെ അനുസരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിട്ടും ഇരുപക്ഷത്തെയും എംഎൽഎമാർ അവകാശവാദം തുടരുകയാണ്. മധ്യസ്ഥശ്രമം നടത്താൻ ഈയാഴ്ച ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ചേർന്നേക്കും.
കർണാടക സന്ദർശനത്തിനു ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഒന്നിച്ചു സോണിയ ഗാന്ധിയിൽ നിന്നും അഭിപ്രായം തേടും. ഡിസംബർ ഒന്നിനു പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് രമ്യമായ പരിഹാരമുണ്ടാക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.