
ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ ദിനത്തിൽ ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘‘ഇന്ത്യൻ ഭരണഘടന മനുഷ്യന്റെ അന്തസ്സിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുന്നു. അവകാശങ്ങൾ നൽകി ശാക്തീകരിക്കുമ്പോൾ തന്നെ അത് പൗരന്മാരെന്ന നിലയിൽ നമ്മുടെ കടമകളെക്കുറിച്ചും ഓർമിപ്പിക്കുന്നു. കടമകൾ നിറവേറ്റാൻ നാം എപ്പോഴും ശ്രമിക്കണം. കടമകളാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറ.’’– പ്രധാനമന്ത്രി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു.
ഭരണഘടന വെറുമൊരു പുസ്തകമല്ലെന്നും എല്ലാ പൗരന്മാർക്കും നൽകിയ പവിത്രമായ വാഗ്ദാനമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മതം, ജാതി, ഭാഷ എന്നിവ പരിഗണിക്കാതെ എല്ലാവർക്കും തുല്യതയും നീതിയും ബഹുമാനവും ലഭിക്കുമെന്നതാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കവചമാണ്. ഓരോ പൗരന്റെയും ശബ്ദവുമാണ്. ഭരണഘടന സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം ഓരോ പൗരനും സുരക്ഷിതനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്കെതിരായ ഒരു ആക്രമണവും അനുവദിക്കില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാമെന്നും രാഹുൽഗാന്ധി പറഞ്ഞു.