
ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമിത ലഘുയുദ്ധവിമാനം ‘തേജസ്’ തകർന്ന് വീരമൃത്യുവരിച്ച വ്യോമസേനയിലെ വിങ് കമാൻഡർ നമാംശ് സ്യാലിന് സ്വന്തം എയർ ബേസായ സുലൂർ 45 സ്ക്വാഡ്രൺ (തേജസ് ഡാഗേഴ്സ് സ്ക്വാഡ്രൺ @ ഫ്ലയിങ് ഡാഗേഴ്സ്) വിട നൽകി. ഇന്നലെ രാവിലെ 7നാണ് ധീര സേനാനിയുടെ മൃതദേഹം സുലൂർ എയർ ബേസിൽ എത്തിച്ചത്. സഹപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ പവൻകുമാർ ജി. ഗിരിയപ്പവനറും ജില്ലാ പൊലീസ് മേധാവി ഡോ. കെ.കാർത്തികേയനും അന്ത്യാഞ്ജലിയർപ്പിച്ചു. തേജസിന്റെ സ്ക്വാഡ്രണുള്ള സുലൂരിലാണ് വിങ് കമാൻഡർ നമാംശ് സ്യാൽ സേവനമനുഷ്ഠിച്ചിരുന്നത്. ദുബായ് എയർ ഷോയ്ക്കു വേണ്ടി സുലൂരിൽ നിന്നു വിമാനം പറത്തിയതും ഫൈറ്റർ പൈലറ്റായ ഇദ്ദേഹമാണ്. ഭാര്യ വിങ് കമാൻഡർ അഫ്‌സാനും ഇവിടെ തന്നെയാണു സേവനമനുഷ്ഠിക്കുന്നത്.
നിലവിൽ വ്യോമസേനയിൽ ഉപരിപഠനം നടത്തുന്ന അഫ്‌സാനും ഏഴുവയസ്സുകാരി മകളും സുലൂരിലെ ക്യാംപസിലാണു താമസം. മകൾ ഇവിടെ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അപകടം നടക്കുമ്പോൾ നമാംശിന്റെ മാതാപിതാക്കളും സുലൂരിലായിരുന്നു. സംസ്കാര ചടങ്ങുകൾക്കു വേണ്ട മുന്നൊരുക്കങ്ങൾക്കായി കുടുംബം പിന്നീട് സ്വദേശമായ ഹിമാചലിലെ ഗ്രാമത്തിലേക്കു മടങ്ങിയിരുന്നു.