
അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയിയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചു. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിനുപിന്നാലെ അൻമോൽ ബിഷ്ണോയിയെ എൻഐഎ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അൻമോൽ. ഉടൻതന്നെ കോടതിയിൽ ഹാജരാക്കും. അൻമോലിന്റെ ആദ്യ ചിത്രം എൻഐഎ പുറത്തുവിടുകയും ചെയ്തു. 2022 മുതൽ ഒളിവിലായിരുന്നു.
ബാബാ സിദ്ദീഖിയുടേത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ അൻമോൽ പ്രതിയാണ്. 2022 മേയിൽ പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലക്കേസിലും ഇയാൾ പ്രതിയാണ്. ഈ വർഷം ഏപ്രിൽ 14ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വീടിനു പുറത്ത് വെടിയുതിർത്ത സംഭവത്തിനു പിന്നിലും ഇയാളാണെന്നു സംശയിക്കുന്നു. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
നടൻ സൽമാൻ ഖാനുമായി അടുത്ത സൗഹൃദമുള്ള ബാബാ സിദ്ദിഖി 2024 ഒക്ടോബർ 12 നാണ് വെടിയേറ്റു മരിച്ചത്. പ്രത്യേക പൊലീസ് സുരക്ഷയുള്ള മുൻ മന്ത്രി കൂടിയായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ മകന്റെ ഓഫിസിനു മുന്നിൽ നിന്നു കാറിൽ കയറുന്നതിനിടെയാണ് അദ്ദേഹത്തെ മൂന്നു പേരുടെ സംഘം വെടിവച്ചത്. പഞ്ചാബിലെ ഫാസിൽക്ക ജില്ലാ സ്വദേശിയായ അൻമോൾ, വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇന്ത്യയിൽനിന്നു വിദേശത്തേക്കു കടന്നത്. ദുബായ്, കെനിയ വഴി നേപ്പാൾ കടന്നാണ് ഒടുവിൽ യുഎസിലെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ വർഷം നവംബറിൽ യുഎസിൽ വച്ച് ഇയാൾ കസ്റ്റഡിയിലായിരുന്നു.