
രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന റിപ്പോർട്ടിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി. ഇത് ഗുരുതരമായ പ്രശ്നമാണെന്നു പറഞ്ഞ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്, രാജ്യത്ത് ദത്തെടുക്കൽ സങ്കീർണമാണെന്നും അതു കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
‘‘രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നതായി ഒരു പത്രത്തിൽ ഞാൻ വായിച്ചു. ഇത് ഗുരുതരമായ പ്രശ്നമാണ്’’ – ജസ്റ്റിസ് നാഗരത്ന വാക്കാൽ നിരീക്ഷിച്ചു. ദത്തെടുക്കൽ പ്രക്രിയ കർശനമായതിനാൽ, അതു കൃത്യമായി പാലിക്കപ്പെടാതിരിക്കാൻ സാധ്യതയുണ്ടെന്നും കുട്ടികളെ ലഭിക്കാൻ ആളുകൾ നിയമവിരുദ്ധ മാർഗങ്ങൾ തേടുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഗുരിയ സ്വയം സേവി സൻസ്ഥാൻ എന്ന സന്നദ്ധ സംഘടനയാണ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചത്.
ഇത്തരം കേസുകൾക്കായി നോഡൽ ഓഫിസറെ നിയമിക്കാൻ ആറാഴ്ച വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഡിസംബർ ഒൻപതിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.