
ഡൽഹി സ്ഫോടന കേസുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാല സംശയനിഴലിൽ നിൽക്കെ സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ അറസ്റ്റിൽ. ജവാദ് അഹമ്മദിന്റെ ഇളയ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പൊലീസ് ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തത്. 25 വർഷമായി ഇയാൾ ഒളിവിലായിരുന്നു. ജവാദ് അഹമ്മദ് സിദ്ദിഖിയെ ചോദ്യം ചെയ്യലിനായി ഡൽഹി പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
കലാപവും കൊലപാതകശ്രമവും ഉൾപ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും അമ്പതുകാരനായ ഹമൂദിനെ വിവിധ അന്വേഷണ ഏജൻസികൾ തിരയുകയായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ഒരു ഷെയർ മാർക്കറ്റ് സ്ഥാപനം നടത്തിയിരുന്ന ഹമൂദ് മറ്റൊരു പേരിലാണ് അവിടെ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
1996 ൽ, ഭാര്യയുടെയും മറ്റൊരാളുടെയും പിന്തുണയോടെയാണ് ഹമൂദ് ഒരു നിക്ഷേപ സ്ഥാപനം ആരംഭിച്ചത്. 20 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് വ്യക്തികളിൽ നിന്ന് സ്ഥാപനം നിക്ഷേപങ്ങൾ സ്വീകരിച്ചു. രണ്ട് വർഷത്തേക്ക് അദ്ദേഹം സ്ഥാപനം നടത്തിയെങ്കിലും നിക്ഷേപകരുടെ പണം തിരികെ നൽകാതെ ഒളിവിൽ പോവുകയായിരുന്നു. അൽ ഫലാഹ് ഫിൻകോം ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.