
ബിഹാറിൽ എൻഡിഎയുടെ വിജയത്തിനു പിന്നാലെ ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ തമ്മിലടി തുടരവെ ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹത്തിന്റെ മകൻ തേജ് പ്രതാപ് എൻഡിഎയിലേക്കെന്ന് വിവരം. എൻഡിഎ നേതാക്കൾ ഇന്നലെ രാത്രി തേജ് പ്രതാപ് യാദവിനെ കണ്ടുവെന്നാണ് ബിഹാറിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനശക്തി ജനതാദൾ എന്ന രാഷ്ട്രീയ കക്ഷിയുണ്ടാക്കി തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച തേജ് പ്രതാപിന്റെ പാർട്ടി എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു.
അതേ സമയം, ആർജെഡി വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ തേജ് പ്രതാപ് യാദവിനായെന്നാണ് എൻഡിഎ വിലയിരുത്തൽ. ലാലുവിന്റെ നാല് പെൺമക്കൾ വീട് വിട്ടിറങ്ങിയതിനു പിന്നാലെയാണ് തേജ് പ്രതാപ് യാദവിനെ എൻഡിഎ ക്യാംപിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. ലാലുവിന്റെ മകൾ രോഹിണി ആചാര്യയ്ക്കു പിന്നാലെ മൂന്നു പെൺമക്കൾ കൂടി ഇന്നലെ വീടു വിട്ടിരുന്നു. രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവർ കുട്ടികളോടൊപ്പം പട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതായാണ് റിപ്പോർട്ട്. ഇവർ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നാണ് വിവരം.
2022ൽ രോഹിണി, ലാലുവിന് ഒരു വൃക്ക ദാനംചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റിനും പണത്തിനും പകരമായാണ് പിതാവിനു താൻ വൃക്കദാനം ചെയ്തതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ ആർജെഡിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവ്, റമീസ് എന്നിവരുമായുള്ള വാക്കുതർക്കത്തിനിടെ തനിക്ക് കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ഒരാൾ ചെരിപ്പുകൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും രോഹിണി എക്സിൽ കുറിച്ചിരുന്നു.