
ബെംഗളൂരു കലബുറഗി അലന്ദ് നിയമസഭാ സീറ്റിലെ വോട്ടർപട്ടികയിൽ വ്യാപക തിരിമറിക്കു ശ്രമിച്ചെന്ന കേസിൽ ബംഗാളിലെ നാദിയയിൽനിന്നുള്ള മൊബൈൽ റിപ്പയർ കടയുടമ ബാപ്പി ആദ്യയെ (27) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു.
ഡേറ്റ സെന്ററുകൾ ഉപയോഗിച്ച് അനധികൃതമായി വോട്ടർമാരെ നീക്കാൻ ശ്രമിച്ചെന്ന കേസിലെ ആദ്യ അറസ്റ്റാണിത്. നാദിയയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിച്ചതിനെ തുടർന്ന് 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ചോദ്യംചെയ്യുകയാണ്.
വോട്ടർമാരെ നീക്കാൻ വ്യാജ ഫോം–7 അപേക്ഷകൾ ചമയ്ക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ ആപ്പുകളിൽ അപേക്ഷ നൽകിയത് ഇയാളുടെ 75 മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ്. തുടർന്ന് ഒടിപി കൈമാറിയതിന് കലബുറഗിയിലെ ഡേറ്റ സെന്റർ ഇയാൾക്ക് 700 രൂപ കൈമാറി. ഇതിന്റെ തെളിവു ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.