
41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിനു പിന്നാലെ വിജയുടെ ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. അപകടങ്ങളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് വിജയ് സഞ്ചരിച്ചിരുന്ന ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തത്. ബിഎൻഎസ് സെക്ഷൻ 281 പ്രകാരമാണ് കേസ്. പൊതുവഴിയിൽ അമിതവേഗത്തിൽ വാഹനമോടിക്കുകയോ ജീവൻ അപകടത്തിലാക്കുകയോ ചെയ്യുന്ന വകുപ്പുകൾ പ്രകാരമാണ് കേസെന്ന് പൊലീസ് അറിയിച്ചു.
വിജയ് സഞ്ചരിച്ചിരുന്ന ബസ് രണ്ട് മോട്ടോർ സൈക്കിളുകൾ ഇടിച്ച് അപകടത്തിൽപ്പെട്ടതായുള്ള ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ രണ്ട് കേസുകളിലും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കേസ് റജിസ്റ്റർ ചെയ്തത്. അതേസമയം കരൂർ ദുരന്തത്തിൽ അന്വേഷണം നടത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തം നടന്ന വേലുസാമിപുരത്ത് എത്തി അന്വേഷണം തുടങ്ങിയത്. വിജയ് എത്താൻ വൈകിയതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന വാദം സംഘം പരിശോധിക്കും.