ublnews.com

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം നിലവില്‍ വന്നു

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആര്‍) എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം ഇന്നലെ രാത്രിയോടെ നിലവില്‍ വന്നു. പ്രവാസികളടക്കം സ്ഥലത്തില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. നവംബര്‍‌ നാലിന് എന്യൂമറേഷന്‍ ആരംഭിച്ചെങ്കിലും ഓണ്‍ലൈന്‍ സംവിധാനം‌ ലഭ്യമാക്കിയിരുന്നില്ല. മൊബൈല്‍‌ നമ്പര്‍ വോട്ടര്‍ ഐഡിയുമായി‌ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി‌ ഫോം നല്‍കാന്‍ കഴിയൂ.‌ മൊബൈല്‍‌ നമ്പര്‍ ബന്ധിപ്പിക്കാന്‍ ‘ഫോം 8’ ഉപയോഗിക്കണം. പ്രവാസി‌ വോട്ടര്‍മാരായി റജിസ്റ്റർ ചെയ്തവര്‍ക്ക് ഇമെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

ഓൺലൈന്‍ നടപടിക്രമം ഇങ്ങനെ:

∙ voters.eci.gov.in വെബ്സൈറ്റില്‍ വലതുവശത്ത് എസ്ഐആര്‍ 2026ന് താഴയുള്ള ‘Fill Enumeration Form’ തുറക്കുക.

∙ വോട്ടര്‍ ഐഡിയും മൊബൈലിലെത്തുന്ന ഒടിപിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. എന്‍ആര്‍ഐ വോട്ടര്‍മാര്‍ ‘ഇന്ത്യന്‍ ഓവര്‍സീസ് ഇലക്ടര്‍’ തിരഞ്ഞടുക്കുക.

∙ ഹോം പേജില്‍ നിന്ന് വീണ്ടും ‘Fill Enumeration Form’ ഓപ്ഷനെടുക്കുക.

∙ സംസ്ഥാനം തിരഞ്ഞെടുത്ത് വീണ്ടും വോട്ടര്‍ ഐഡി നമ്പര്‍‌ നല്‍കുന്നതോടെ നിങ്ങളുടെ പേര്, ബൂത്ത്, സീരിയല്‍‌ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ കാണാം.

∙ ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ആധാറിലെ പേരും വോട്ടര്‍ ഐഡിയിലെ പേരും ഒന്നായിരിക്കണം. വ്യത്യാസമുണ്ടെങ്കില്‍ ബിഎല്‍ഒ വഴി ഫോം നേരിട്ട് നല്‍കണം.

∙ താഴെ മൊബൈല്‍‌ നമ്പര്‍‌ നല്‍കി ഒടിപിയും കൊടുക്കുന്നതോടെ‌ നിങ്ങളുടെ പേരും ചിത്രവുമുള്ള എന്യൂമറേഷന്‍ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ മതി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top