
മുഴുവൻ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കണമെന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസ്സം നിന്നത് ജവാഹർലാൽ നെഹ്റുവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ നർമദ ജില്ലയിലെ ഏകതാ നഗറിൽ രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം എഴുതി സമയം കളയരുത്. ചരിത്രം സൃഷ്ടിക്കാൻ നാം കഠിനാധ്വാനം ചെയ്യണം എന്നാണ് പട്ടേൽ വിശ്വസിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ മുഴുവൻ കശ്മീരും ഇന്ത്യയുമായി ഒന്നിപ്പിക്കണമെന്ന് പട്ടേൽ ആഗ്രഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നത് നെഹ്റുജി തടഞ്ഞു. കശ്മീരിനെ വിഭജിച്ചു, പ്രത്യേക ഭരണഘടനയും പതാകയും നൽകി. കോൺഗ്രസിന്റെ ആ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ടു’’. മോദി പറഞ്ഞു
സർദാർ പട്ടേൽ രൂപപ്പെടുത്തിയ നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും പുതിയ ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. “സ്വാതന്ത്ര്യത്തിനുശേഷം 550ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമായ ദൗത്യം പട്ടേൽ സാധ്യമാക്കി. ഒരു ഇന്ത്യ, മികച്ച ഇന്ത്യ എന്ന ആശയം അദ്ദേഹത്തിന് പരമപ്രധാനമായിരുന്നു. രാഷ്ട്രത്തെ സേവിക്കുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പട്ടേൽ ഒരിക്കൽ പറഞ്ഞിരുന്നു’’– മോദി പറഞ്ഞു.
സര്‍ദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150ാം ജന്മദിനമായ ഇന്ന് റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പരേഡാണ് ഏകതാ പ്രതിമയ്ക്കു മുന്നില്‍ അരങ്ങേറിയത്. ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആർപിഎഫ്, എസ്എസ്ബി തുടങ്ങിയ അർധസൈനിക വിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും പരേഡിൽ അണിനിരന്നു. വനിതകളായിരുന്നു പരേഡ് നയിച്ചത്. ചടങ്ങിൽ 182 മീറ്റർ ഉയരമുള്ള പട്ടേലിന്റെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി