
ബെംഗളൂരു നഗരത്തിൽ കൊൽക്കത്ത സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ആറ് പേർ പൊലിസ് പിടിയിൽ. ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ളവരാണ് പിടിയിലായത്. മിഥുനെ കണ്ടെത്താനായില്ല തിരച്ചിലിലാണ് പൊലിസ്. ഫ്ലാറ്റ് ഒഴിപ്പിക്കാൻ നൽകിയ ക്വട്ടേഷന് എത്തിയവരാണ് കഴിഞ്ഞ ദിവസം യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. 27കാരിയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലിസ് അറിയിച്ചു.
കൂട്ട ബലാത്സംഗത്തിന് ശേഷം യുവതിയിൽ നിന്ന് കവർന്ന ഫോണും 25000 രൂപയും പ്രതികളിൽ നിന്ന് കണ്ടെത്തി. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള 7 പേരാണ് കൃത്യം നടത്തിയത്. ഇതിൽ ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ള 6 പേരും പൊലിസിന്റെ പിടിയിലായി. മൂന്ന് പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിൽ ഒരാളാണ് മിഥുൻ. ചൊവ്വാഴ്ച രാത്രി യുവതി താമസിക്കുന്ന വീട്ടിൽ എത്തിയാണ് അതിക്രമം നടന്നത്. പൊലിസാണെന്നും ഇവിടെ വേശ്യാലയം പ്രവർത്തിക്കുന്നതായി അറിഞ്ഞ് വന്നതാണെന്നും പറഞ്ഞെത്തിയവർ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ക്രൂരമായി മർദിച്ചു. യുവതിയുടെ മകനും അടിയേറ്റു.