
നവി മുംബൈയിലെ വാശി സെക്ടർ 14 ലെ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്നംഗ മലയാളി കുടുംബം അടക്കം ആറുപേർ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ രാമകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ആറുവയസ്സുകാരി വേദിക എന്നിവരാണു മരിച്ച മലയാളികൾ. ഗുരുതരമായി പൊള്ളലേറ്റ 11 പേർ ചികിത്സയിലാണ്. എസിയിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 12:40 നാണ് എംജി കോംപ്ലക്സിലെ രാഹേജ കെട്ടിടസമുച്ചയത്തിലെ ബി വിങ്ങിലെ പത്താം നിലയിൽ തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കകം 11, 12 നിലകളിലേക്കും തീ പടർന്നു. ചുറ്റും തീ പടർന്നതോടെ മൂന്നംഗ മലയാളി കുടുംബം ഫ്ലാറ്റിൽ കുടുങ്ങുകയായിരുന്നു. ടയർ വ്യവസാരംഗത്ത് പ്രവർത്തിക്കുന്ന സുന്ദർ രാമകൃഷ്ണനും ഭാര്യ പൂജയും മുംബൈയിൽ ജനിച്ചു വളർന്നവരാണ്. വാശി മുനിസിപ്പൽ ആശുപത്രിയിൽ മൂന്നുപേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ഉച്ചയോടെ മാതാപിതാക്കൾ താമസിക്കുന്ന ഫ്ലാറ്റിൽ കൊണ്ടുവരും. തുടർന്നു വൈകിട്ട് തുർഭേ ഹിന്ദു ശ്മശാനത്തിൽ സംസ്കാരം.